2009 മാർച്ച് 9, തിങ്കളാഴ്‌ച

അസ്തമനം

എന്റെ പ്രണയം അസ്തമിച്ചിരിക്കുന്നു.
ഇനി പ്രകാശം പരത്തുന്ന ഉദയങ്ങളില്ല.
മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങളുടെ കടല്‍കരയില്‍
ഞാന്‍ തര്‍പ്പണം ചെയ്തു,അസ്തമിച്ച എന്റെ പ്രണയത്തിനായ്‌
ദര്‍ഭയും എള്ളും കൊണ്ടു ബലിചോരുരുട്ടി രണ്ടു തുള്ളി കണ്ണീരും-
ചേര്‍ത്ത് തര്‍പ്പണം ചെയ്തു,ഇനി ഉദിക്കാത്ത എന്റെ പ്രണയത്തിനായ്‌.
ആ തീ ചൂളയില്‍ ഞാന്‍ ആഗ്രഹിക്കാതെ പോയ മാംസം ഉരുകുനുണ്ടയിരിക്കാം
എന്റെ കണ്ണുനീര്‍ ആ തീ കെടുത്തിയിരുനെങ്കില്‍ ?
ഇനി ചോദ്യങ്ങള്‍ ഇല്ല ,ഉത്തരങളും.അവശേഷിച്ചത്
ഓര്‍മ്മകളും ആഗ്രഹങ്ങളും ചിന്തകളും മാത്രം.അവയെ കടല്‍ സ്വീകരിച്ചില്ല.
***വായനക്കാരുടെ ശ്രദ്ധയ്ക്ക്***
പ്രണയത്തിനു ശ്രാധമൂട്ടിയ ഞാന്‍ പതിനാറു നാള്‍ വ്രതത്തിന് ശേഷം മാംസം കൂട്ടി നിര്‍ലജ്ജം ചോറുണ്ടു.വിശപ്പ്‌ ഓര്‍മ്മകളുടെ മുറിവിനു നേരെ കണ്ണടച്ചു.ഞാന്‍ മനസ്സിലാക്കി ഞാന്‍ സ്നേഹിക്കുന്നു
അത്മവിനെക്കാള്‍ എന്റെ ശരീരത്തെ!ഞാന്‍ തിരിച്ചറിഞ്ഞു ഞാനും നിങ്ങളെപോലെ ഒരു മനുഷ്യനാണെന്ന്,ഓര്‍മ്മകളെ മണ്ണ് ഇട്ടു മൂടി അതിന് മുകളില്‍ മനോഹരമായ ഹര്‍മ്യങ്ങള്‍ തീര്‍ക്കുന്ന സാധാരണ മനുഷ്യന്‍ .

2009 മാർച്ച് 3, ചൊവ്വാഴ്ച

കുംകുമം ചുമക്കുന്ന കഴുത

ഞാന്‍ എന്നോട് ചോദിച്ച ചില ചോദ്യങ്ങള്‍.അവിടെ നിന്നും നമുക്കു തുടങ്ങാം.കമ്മ്യൂണിസം,കാപിറ്റലിസം,ഫയൂടലിസം,മാര്‍ക്സിസം,സോഷ്യലിസം,ഫാസിസം പിന്നെ പേരറിയാത്ത വേറെ കുറെ ഇസംങളും ഇപ്പോഴും ജീവനോടെ ഉണ്ടോ?ഉണ്ടെങ്കില്‍ എവിടെ ?അരക്ഷിതം തുഷ്ടി ദൈവരക്ഷിതം എന്നത് ഏത് ഇസം?ഇക്കഴിഞ്ഞ/ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കാറല്‍ മാര്‍ക്സ് ദാസ് കാപിടോളില്‍ പറഞ്ഞിടുണ്ടോ?ഉണ്ടെങ്കില്‍ ചൈനയും റഷ്യയും എന്ത് കൊണ്ടു രക്ഷപെട്ടില്ല?

വിശപ്പും ഉറക്കമിലയ്മയും എന്നെ വേട്ടയാടിയ ഒരു പാതിരാത്രിയില്‍ ഞാന്‍ പുതപ്പിനുള്ളില്‍ മാര്‍ക്സിനെ സ്വപ്നം കാണുകയായിരുന്നു.അച്ഛന്റെ ഷെല്‍ഫില്‍ അടുക്കിവച്ച ദാസ് കാപിടോള്‍ എന്ന പുസ്തകം എന്നെ കണ്ണടച്ച് കാണിക്കുന്നതായി തോന്നി.എന്റെ ചിന്തകള്‍ മാര്‍ക്സ് അമ്മാവന്റെ താടി ഇഴകളിലൂടെ സഞ്ചരിച്ചു.ഒരു അപ്പു‌പ്പന്‍ താടിയില്‍ എന്നപോലെ ഞാന്‍ അവയില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞു കണ്ണുകള്‍ അടച്ചു കിടന്നു. വിശപ്പ് എന്റെ വയറ്റില്‍ അഗ്നി നാളങ്ങള്‍ സൃഷ്ടിച്ചു അതിന്റെ
ചൂടു എന്റെ ചിന്തകളെ ആളിക്കത്തിച്ചു.ആ തീയ് കൊണ്ടു ഒരു സിഗ്ഗേരെട്ടു വലിക്കാന്‍ എനിക്ക് തോന്നി.
മണ്ടന്‍ .മാര്‍ക്സിനെ സ്വപ്നം കാണുന്നവന്‍ ബീഡിയെ പാടുള്ളൂ എന്ന പ്രത്യയ ശാസ്ത്രം എന്റെ നേരെ പല്ലിളിച്ചു.(ബീഡി വലിച്ചാല്‍ വിശപ്പ്‌ പോകും എന്നുള്ള പരമാര്‍ത്ഥം ഞാന്‍ നിഞ്ഞളോട് പറയണോ? അതോ ചിന്തകള്‍ക്ക് അക്കംകൂട്ടാന്‍ എന്ന വ്യാജേന നിങ്ങളെ പറ്റിക്കണോ?).എന്തായാലും ഞാനും ഒരു ബീഡി വലിച്ചു.എന്റെ ബീഡിയില്‍ നിന്നുവന്ന വെളുത്ത പുകകള്‍ ആദ്യമാദ്യം മാര്‍ക്സിന്റെയും ലെനിന്റെയും ചിത്രങ്ങള്‍ വരച്ചു.പിന്നീട് അവ വരാന്‍ ഇരിക്കുന്ന ഭീമമായ സാമ്പത്തിക പ്രതിസന്ധിയുടെയും ഒന്നാം ലോക രാജ്യങ്ങളില്‍ വരാനിരിക്കുന്ന കമ്പ്യൂട്ടറിന്റെ
മണമുള്ള വിശപ്പിനേയും കറുത്ത പുകകള്‍ കൊണ്ടു വരച്ചുകാട്ടി .

അലാറം ശബ്ദിച്ചു,മാര്‍ക്സിനോടും എന്ങേല്സിനോടും വിടപറഞ്ഞു ഒരു ഫാസിസ്റ്റു കുപ്പായവും അണിഞ്ഞുകൊണ്ട് ബെനെടിട്ടോ മുസ്സോളിനിയെപോലെ ഞാന്‍ യാത്ര ആരംഭിച്ചു.വഴിയില്‍ വച്ചു എന്നോ കണ്ടുമുട്ടിയ ഞാന്‍ അധികം സംസാരിച്ചിട്ടില്ലാത്ത ഒരാളാണ് എനിക്കീ കഥ പറഞ്ഞു തന്നത്.സൂര്യപ്രഭയില്‍ അയാള്‍ എന്നോട് പറഞ്ഞ ഈ കഥ ഞാന്‍ ഇരുട്ടിന്റെ മറവില്‍ മാറ്റിയെഴുതി.
അവര്‍ ഒരു ചീനകാരിയായിരുന്നു,പക്ഷേ കമ്മ്യൂണിസ്റ്റ്‌കാരി ആയിരുന്നില്ല എന്ന് വേണം വിശ്വസിക്കാന്‍ .ഏകാധിപത്യം,സ്വേചാധിപത്യം ഇവയെ ഒക്കെ ആരാധിച്ചിരുന്ന അവനെ അവര്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനാക്കി.അവര്‍ ഒരു "ഗസ്റ്റപ്പോ" ആണോ എന്ന് അവന്‍ സംശയിച്ചു.കമ്മ്യൂണിസ്റ്റ്‌കാര്‍ സംസയിക്കാറില്ല എന്ന് കേട്ടിടുണ്ട്!അവര്‍ വിശ്വസിക്കാറെ ഉള്ളുവത്രേ!!അധികാരത്തിന്റെ ഉരുക്ക് കുപ്പായമിട്ട അവരെ മറ്റുള്ളവര്‍ "ചീ" എന്ന് വിളിച്ചു(ചീനാക്കാര്‍ക്ക് ഇങ്ങനെയും പേരുണ്ടാകാം).റിസഷന്‍ കണ്ടു പിടിച്ചത് അവരാണ് എന്നമട്ടില്‍ അവര്‍ ഇന്റെര്‍വിയൂകള്‍ നടത്തി.അതിനിടയില്‍ കയ്യും കാലും ചൊറിഞ്ഞു,ഇടയ്ക്കിടെ കക്ഷവും,പിന്നെ ബുദ്ധിജീവിയെപ്പോലെ മഞ്ഞിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. അവര്‍ തൊഴില്‍രഹിതര്‍ക്ക് നേരെ കൊഞ്ഞനംകുത്തി,അകത്തുള്ള തൊഴിലാളികളോട് ഇങ്ങനെ പറഞ്ഞു."ഞാനാണ്‌ കമ്പനി,ഞാന്നാണ് ദൈവം".പണ്ട് കമ്മ്യൂണിസം വരുന്നതിനു മുന്പ് ഏതോ ഒരു സാര്‍ ചക്രവര്‍ത്തി ഇതുപോലെ പറഞ്ഞിരുന്നു പോലും. തന്നെ എതിര്‍ത്തവരെ ചീ ദേമോക്ലിസിന്റെ വാളുകൊണ്ടു വെട്ടി വീഴ്ത്തി.അവരുടെ ചോരയും നീരും കൊണ്ട് അച്ചാര്‍ ഉണ്ടാക്കി.അതും കൂട്ടി ഉച്ചയ്ക്ക് ചോറുണ്ടു.ആ ചോറിന്റെ കുഴപ്പം കൊണ്ടാകാം,അതിനുള്ള ബുദ്ധി അവര്‍ കാണിക്കുന്നില്ലെന്ന് ശത്രുക്കള്‍ പറഞ്ഞു.(ശത്രുക്കള്‍--അത് ഇസംങളുടെ പൊതു വില്ലനാണ്)തെറ്റുകള്‍ അവര്‍ വച്ച് പൊറുപ്പിചില്ല,അത് ആരു ചെയ്താലും അവര്‍ ശിക്ഷിച്ചു(മറ്റുളവരെ).ആ മഹാ പ്രസ്ഥാനത്തെ താങ്ങി നിന്നവര്‍ പടിയിറങ്ങി.അപ്പോഴും അജ്ഞാനത്തിന്റെ മഹാ കൈലാസം കേറിക്കൊണ്ടിരുന്ന ചീ ഗോവര്ധനഗിരി ധാരിന്നിയെപ്പോലെ ഒരു ചെറുവിരല്‍ കൊണ്ടു പ്രസ്ഥാനത്തെ താങ്ങി നിര്‍ത്തി. (അങ്ങനെ ശ്രമിച്ചു).അവര്‍ സ്വയം ഒരു പ്രസ്ഥാനമായ് പ്രഖ്യാപിച്ചു.തൊഴിലാളികളെ നിര്‍ദയം പീഡിപ്പിച്ചു.അവരുടെ ഭയം കണ്ടു ചീ മതിമറന്നു സന്തോഷിച്ചു.അവര്‍ ഭയക്കുന്നത് തന്നെയാണെന്നു ചീ കരുതി.അവര്‍ ഭയന്നതു വിശപ്പിനെ ആണെന്ന് ചീ മനസ്സിലാക്കിയില്ല .അവര്‍ പ്രസ്ഥാനം വിട്ടു പോയവരുടെ തസ്തികകള്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു,അതില്‍ ആനന്ദം കണ്ടെത്തി.മൂന്നാം ലോക രാജ്യങ്ങള്‍ സന്തോഷിച്ചു.അവിടെ വിശപ്പ്‌ ഒരു വിരുന്നുകരനല്ല,മറിച്ച് ആതിധേയനാണ്,പിറന്നു വീഴുന്ന ഓരോ കുഞ്ഞിനെയും അത് ചാപ്പ കുത്തുന്നു.കുഞ്ഞുങ്ങള്‍ അത് സന്തോഷത്തോടെ വയറ്റില്‍ ഏറ്റുവാങ്ങുന്നു.

വിശപ്പില്ലാതാക്കാന്‍ ഒരു മരുന്ന് കണ്ടുപിടിച്ചിരുനെങ്കില്‍ ആ നിമിഷം മുതല്‍ ലോകം നിശ്ചലം ആയേനെ .ഭൂമി കറങ്ങുന്നത് പോലും വിശപ്പിന്റെ കാഠിന്യം കുറയ്കാന്‍ ആണെന്ന് തോനുന്നു.അങ്ങനെ ആ ദിവസം വന്നെത്തി,അപ്രതീക്ഷിതമായ ഒരു വിരുന്നുകാരനെ പോലെ .ഉള്ളില്‍ അനുനിമിഷം തുടിക്കുന്ന 'മാക്ബത്തിന്റെ ' ഹൃദയവുമായ്‌ അവന്‍ അവരെ നേരിട്ടു.നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ അല്ലാതെ ഒന്നുമില്ലാതവന്റെ ചിരിയുമായ് അവന്‍ ആ കെട്ടിടം വിട്ടപ്പോള്‍ ചീയെയും വിശപ്പ്‌ കീഴടക്കിയിരുന്നു, അത് ഒരു ഭ്രാന്തന്റെ നിലവിളി പോലെ മാറ്റൊലി സൃഷ്ടിച്ചു.

'ഈസീപീ'യിലെ വിലക്കുകാലുകല്‍ക്കടിയില്‍ ഞാന്‍ അവനെ വീണ്ടും കണ്ടു .അവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. ചിതറി പോയ പ്രകാശ കണങ്ങള്‍ പോലെ ആ ചിരി എന്റെ മുഖത്തും പ്രതിഫലിച്ചു.ഒന്നും സംസാരിക്കാതെ അവന്‍ എന്നെ പിന്‍തുടര്‍ന്നു.കടല്‍ക്കരയില്‍ തിരകള്‍ എണ്ണാന്‍ എന്റെ ഒപ്പം ഇരുന്നു.ഞങ്ങള്‍ സംസാരിച്ചതെ ഇല്ല.കടല്‍ക്കരയില്‍ ഞങ്ങള്‍ മണല്കൊണ്ട് മനക്കോട്ടകള്‍ കെട്ടി.തിരികെ വീടിലോട്ടു നടക്കുമ്പോള്‍ അവന്‍ ഒരു വഴികാട്ടിയെപോലെ എന്റെ മുന്നില്‍ നടന്നു.നിശബ്ദതയുടെ ബലൂണുകള്‍ ഞാന്‍ ചോദ്യങ്ങളുടെ മൊട്ടുസൂചി കൊണ്ടു കുത്തിപൊട്ടിച്ചു .അവന്റെ ഉള്ളിലെ എന്റെ ചിന്തകളും ഇരുട്ടിലൂടെ ഒഴുകി.ഞാന്‍ അവനോടു പേടിയോടെ ഇങ്ങനെ ചോദിച്ചു .എന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു?ഞാന്‍ നിഞ്ഞളുടെ കഥ മോഷ്ടിച്ചത് കൊണ്ടാണോ?അയാള്‍ എന്നെ നോക്കി ചിരിച്ചു ,പിന്നെ പറഞ്ഞു.ഞാന്‍ എന്നും നിന്നെ പിന്തുടരുനുണ്ടായിരുന്നു,നിന്റെ വഴികളില്‍ മുന്നിലായും പിന്നിലായും,ചില സമയങ്ങളില്‍ നിന്റെ കൂടെയും ഞാന്‍ സഞ്ചരിച്ചു.നിന്റെ തെറ്റുകള്‍ തീര്‍ത്ത ഇരുട്ടില്‍ നീ എന്നെ കാണാതെ പോയ്.
നിഴലിനോട്‌ സംസാരിക്കുന്ന ഭ്രാന്തനെ നോക്കി ആകാശത്തിലെ രണ്ടു നക്ഷത്രങ്ങള്‍ ചിരിച്ചു,ഞാനും അവരെ നോക്കി പുഞ്ചിരിച്ചു

ഏറ്റുമുട്ടലുകള്‍

ഇന്നലെ കണ്ടവര്‍,ഇന്ന് കാണുന്നവര്‍ പിന്നെ നാളെ കാണാന്‍ പോകുന്നവരും ഒരു ഈയാംപാറ്റയുടെ മനസ്സുമായ് മരണമെന്ന വിളക്കിനു ചുറ്റും പാറി പറക്കുന്നു.ആ വിളക്കിന്റെ ചൂട് അവരെ ഭയപെടുത്തുന്നുണ്ടയിരിക്കാം!പക്ഷേ നൈമിഷികമായ ഏതോ ഒരു ചിന്തയില്‍ അകപെട്ടിട്ടെന്നവണ്ണം ശാശ്വതമായ,അല്ലെങ്കില്‍ ശാശ്വതം എന്ന് ഞാന്‍ വിശ്വസിക്കുന്ന ഇഹലോക സുഖങ്ങളെ വിട്ടു (ഈ വിഷയത്തില്‍ യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു....ഒരു നിമിഷം ഞാന്‍ എനിക്ക് വിജയാശംസകള്‍ നേരട്ടെ!)മരണം എന്ന വിളക്കിലോട്ടു അടുക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു?അത് ഒരു ഇരുമ്പ് തരിയേ എന്നവണ്ണം മനുഷനെ തന്റെ കാന്തിക വലയത്തിലോട്ടു വലിച്ചടുപിക്കുന്നുണ്ടാകാം!ചിന്തകള്‍ എന്നെ വിട്ടു പറന്നകന്നിരിക്കുന്നു.രാത്രിയുടെ അജ്ഞാത യാമങ്ങളില്‍ അവ കൂടാരം കയറിയിട്ടുണ്ടാകാം.ചിന്തകള്‍ പടക്കുതിരെയേപോലെയാണ് ,അതോ കാട്ടുകുതിരെയെ പോലെയോ(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു)?
എന്തയാലും ചിന്തകള്‍ക്ക് ചിറകുകള്‍ ഉണ്ടായിരിക്കണം(മുത്തശ്ശികഥയിലെ മാലാഖമാരേയും പിശാചുകളെയും പോലെ).അല്ലെങ്കില്‍ അവ എങ്ങനെയാണ് നക്ഷത്രങ്ങള്‍ വരെ പോയ് ഓര്‍മ്മകള്‍ കൊണ്ട് വരുന്നത്?ചിലപ്പോള്‍ അവ ഇരുട്ടറകളില്‍ പോയ് എന്നെ പേടിപ്പിക്കാന്‍ നോക്കാരും ഉണ്ട്. (ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു)!
ജീവിതത്തോട് അമിതമായ ആര്‍ത്തി ഉള്ളവനെ അനുനിമിഷം കൊല്ലുന്ന കാളകൂടവിഷമാണ് പേടി എന്ന് എന്നെ പഠിപ്പിച്ചത് ഏറണാകുളംകാരന്‍ ഒരു മാപ്പിളയാണ്.അയാള്‍ക്ക് എന്റെ വക ഒരു റെഡ് സെലൂട്ട്(ഞാന്‍ ഒരു സഖാവേ അല്ല-ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു-സഖാക്കന്മാര്‍ എന്നോട് പൊറുക്കുക)???!!!
ചിന്തകള്‍ ചിലപ്പോള്‍ വളര്‍ത്തു പട്ടികളെ പോലെയാണ്.അവ നമ്മെ സന്തോഷിപിക്കും.ഓര്‍മകളുടെ നനുത്ത ജിഹ്വാ സ്പര്ശംകൊണ്ട് അവ നമ്മെ ആനന്ദിപ്പിക്കും.ചിലപ്പോള്‍ അവ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും.അപ്പോള്‍ അവ നമ്മെ തിരിഞ്ഞു കടിക്കും.മരണമെന്ന ഓര്‍മ കൊണ്ടോ അല്ലെങ്കില്‍ വിഷാദം എന്ന പല്ലുകൊണ്ടോ.അവ കാലക്രമേണ ആ ഏറണാകുളം മാപ്പിളയേയും കടിചിടുണ്ടാകാം.അയാള്‍ക്ക് വേദന തോന്നിയിരിക്കുമോ??അറിയില്ല...മറ്റുള്ളവരുടെ വേദന കാണാന്‍ മനുഷ്യനു കഴിയില്ല.(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

ഭൗതികവും ആത്മീയവുമായ പരമാനന്ദത്തില്‍ ഞാന്‍ ലയിച്ചപോള്‍ (ഇരുളിന്റെ മറവില്‍ ഞാന്‍ മുഖം മൂടി അഴിച്ചു വച്ച് ദൂമ,സോമാരസപാനങളില്‍ മുഴുകിയപ്പോള്‍ ).എനിക്ക് സര്‍ഗാത്മപരമായ ഒരു ജ്ഞാനോദയം കൈവന്നു.(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

പേ ഇളകിയ വളര്‍ത്തു പട്ടികളെകൊണ്ട് യോഗികളെ കടിപ്പികുക.അവര്‍ക്കും വരട്ടെ മരണഭയം.ഒരു സാഡിസ്റ്റ് ഉപായം,അതിനെ ഞാന്‍ ജ്ഞാനോദയം എന്ന് വിളിച്ചു(യുവ തലമുറയോട്--ക്രിയേറ്റിവ് തിങ്കിംഗ് നിങ്ങളെയും സാഡിസ്റ്റ് ആക്കിയേക്കാം--എനിക്കത് ഭാതകം അല്ല..).മരണഭയം വന്നാല്‍ അവരും മുഖംമൂടി അഴിച്ചുവയ്കെട്ണ്ടി വരും.കാണാമല്ലോ ആ മിടുക്കന്മാരെ.അവരെയും വളര്‍ത്തു പട്ടികള്‍ വേട്ടയാടി.മുഖം‌മൂടികള്‍ അഴിഞ്ഞു വീണു.ഞാന്‍ കണ്ടു വ്യക്തമായ്,അത് നിങ്ങളായിരുന്നു,നിങ്ങളിലൂടെ ഞാന്‍ കണ്ട ഞാനും.വാരികകളിലെ തുടര്‍കഥകള്‍ പോലെ അനുനിമിഷം ആകാംക്ഷ ഉണര്‍ത്തുന്ന ഒന്നല്ല മരണം എന്ന തിരിച്ചറിവോടെ ഞാന്‍ അവയോടു എന്നെ കടിക്കാന്‍ പറഞ്ഞു.പാപപങ്ങിലമായ മനസകാം,നിഷ്കളങ്കത എന്ന് ഞാന്‍ വിളിക്കുന്ന എന്റെ അഹങ്കാരമാകം എവയിലെതോ ഒന്ന് മരണത്തെ ഭ്രാന്ത് പിടിപിച്ചു.ഞാന്‍ മരിച്ചില്ല.മരിക്കുകയും ഇല്ല.അത് ആശ്വധമാവിനോടെന്നപോലെ എന്നെയും കയ്യൊഴിഞ്ഞു.(ഈ വിഷയത്തിലും ഭ്രാന്ത് പിടിച്ച യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

പതിയെ ജീവിതത്തിന്റെ ചെസ്സ് ബോര്‍ഡില്‍ കളങ്ങള്‍ എല്ലാം കറുപ്പായി.എന്റെ ഉറ്റവരെയും ഉടയവരെയും കാണാതായി.എനിക്‌ കളിയ്ക്കാന്‍ കരുക്കളില്ല.ഇല്ലേ?(ഈ വിഷയത്തിലും ഭ്രാന്ത് പിടിച്ച യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).ഏറണാകുളംകാരന്‍ മാപ്പിളയും മരിച്ചു.കാലം അവനെ തല്ലി കൊന്നു.അര്‍ഹിച്ച മരണം.യോഗികള്‍ അത്മഹത്യ ചെയ്തു (ഈ വിഷയത്തിലും മരിച്ചുപോയ യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

***വായനക്കാരുടെ ശ്രദ്ധയ്ക്ക് ***
ഭ്രാന്തിനു മരുന്നില്ല..അത് ആര്‍ക്കും എപ്പോള്‍ വേണമെങ്ങിലും സംഭവിക്കാം.
എന്നോട് തര്‍ക്കിച്ചു ജയ്കാത്തവര്‍ പറയുന്നു എനിക്ക് ഭ്രാന്താണെന്ന് !!!
ചിന്തകളെ അന്വേഷിച്ചു പോകാതിരിക്കുക !അവ നിങ്ങളെ അലോസരപെടുത്താതിരിക്കട്ടെ!പിന്നെ അവളോട്‌/അവനോടു/അവരോടു പറയുക ഞാന്‍ മരിക്കില്ല.എനിക്ക് ജീവിക്കണം നിങ്ങള്‍ ജീവിക്കാന്‍ മറന്നുപോയ ( സാധിക്കാതെ)പോയ നിങ്ങളുടെ ജീവിതംകൂടെ .

നിതിന്‍ എന്‍ നായര്‍